പാലക്കാട്: ജില്ലയിലെ മരുതറോഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ ഷബീർ, ഷഹബാദ്, എന്നിവരാണ് അറസ്‌റ്റിലായത്. ഇന്ന് രാവിലെയാണ് അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളുമായി പ്രതികൾ പിടിയിലായത്. വിൽപനക്കായി കോയമ്പത്തൂരിൽ നിന്ന് കേരളത്തിൽ എത്തിച്ച പുകയില ഉൽപ്പന്നങ്ങൾ നിലവാരം കുറഞ്ഞതിനെ തുടർന്ന് തിരികെ കൊണ്ടുപോകും വഴിയാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
രാവിലെ മരുതറോഡിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം പിന്തുടർന്ന് പിടികൂടി. സ്‌റ്റേഷനിൽ എത്തിച്ച് പിക്കപ്പ് വാൻ വിശദമായി പരിശോധിച്ചപ്പോഴാണ് പച്ചക്കറികൾ സൂക്ഷിച്ചിരുന്ന ബോക്‌സുകളിൽ നിന്നായി പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.
പിന്നാലെ യുവാക്കളെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രതികൾക്ക് മറ്റാരെങ്കിലും പണം നൽകിയോ എന്നതിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്‌ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനാണ് പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നതെന്നാണ് പ്രതികൾ പോലീസിൽ മൊഴി നൽകിയത്.
Most Read: വിധി എന്ത്? യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം








































