കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി രത്ന കുമാറാണ് തലശ്ശേരി പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയുടെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പം മറ്റു രീതികളിലുള്ള ശാസ്ത്രീയ പരിശോധനകളും നടന്നു.
2020 ജനുവരിയിലാണ് 9 വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതിയിൽ പോക്സോ പ്രകാരം പാനൂർ പോലീസ് കേസ് ചാർജ് ചെയ്തിരുന്നു. ശേഷം, ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കുകയാണ് ചെയ്തത്. അതിന് തൊട്ടടുത്ത ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
അതിന് പിന്നാലെ, കേസ് അന്വേഷിച്ചിരുന്ന ഐജി എസ് ശ്രീജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവരികയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് മാതാവ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പെണ്‍കുട്ടിക്ക് നുണ പറയുന്ന ശീലവും വിചിത്രമായ ഭാവനകളും ഉണ്ടെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
പിന്നീട്, പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹരജിയിലാണ് കേസ് പുതിയ അന്വേഷണ സംഘത്തിന് കൈമാറിയത്. ഐജി ശ്രീജിത്തില്‍ നിന്നും കേസിന്റെ ചുമതല മാറ്റാനും കോടതി നിർദ്ദേശിച്ചു. ശേഷം ചുമതലയെടുത്ത ഐജി ഇജെ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസയക്കും








































