കണ്ണൂർ: ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നിർമാണം വിലയിരുത്താൻ മിന്നൽ സന്ദർശനം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കളക്‌ടറും. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്‌ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72 കോടി രൂപയുടെ പ്രവർത്തി തുടങ്ങിയത്. ബിഎസ്‌എൻഎലിന്റെ മേൽനോട്ടത്തിൽ ഈറോഡ് ആസ്‌ഥാനമായ പി ആൻഡ് സി പ്രോജക്‌ട്സ് ആണ് പ്രവർത്തി കരാറെടുത്തത്. നിർമാണ കാലാവധി ജൂൺ നാലിന് അവസാനിക്കേണ്ടതായിരുന്നു.
കോവിഡിന്റെ സാഹചര്യത്തിൽ ആറു മാസംകൂടി നീട്ടിക്കൊടുത്തെങ്കിലും ഡിസംബറിൽ കെട്ടിടം ഉപയോഗ സജ്‌ജമാകണമെങ്കിൽ അതിവേഗം പ്രവർത്തി നടക്കണം. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ആഴ്‌ചയിൽ ചേർന്ന യോഗത്തിൽ പ്രവർത്തി വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. നൂറിലേറെ തൊഴിലാളികളെ നിയോഗിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രവർത്തി വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ, സ്‌ഥിരം സമിതി അധ്യക്ഷൻ വികെ സുരേഷ് ബാബു, കളക്‌ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സ്‌ഥലത്ത് മിന്നൽ സന്ദർശനം നടത്തിയത്. 52 തൊഴിലാളികൾ മാത്രമാണ് സ്‌ഥലത്തുണ്ടായിരുന്നത്. തിങ്കളാഴ്‌ച മുതൽ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുമെന്ന് ബിഎസ്‌എൻഎലിന്റെയും പിആൻഡ് സി പ്രോജക്‌ട്സിന്റെയും എഞ്ചിനീയർമാർ ഉറപ്പ് നൽകിയിട്ടുണ്ട്.
Also Read: മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്



































