കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു പ്രതി.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. എന്നാൽ, ഇയാൾ മോഷ്‌ടിച്ച 40 ലക്ഷം രൂപ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്. പന്തീരാങ്കാവിൽ ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ് പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്‌ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ പണയംവെച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം രൂപ ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരനിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തത്.
അക്ഷയ ഫിനാൻസിയേഴ്‌സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞത്. ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടുപേരായിരുന്നു ഈ പണത്തിന് സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോറിക്ഷയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി.
അക്ഷയ ഫിനാൻസിയേഴ്‌സിലേക്ക് തുകയ്‌ക്കൊപ്പം വരരുതെന്നും പുറത്തുനിന്നാൽ മതിയെന്നും ഷിബിൻ ലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിൽ ഇരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻലാലിനൊപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിൽ കയറി ഷിബിൻ ലാൽ പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!