കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്ഔട്ട് സർക്കുലർ ഇറക്കി പോലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ഏഴംഗ സ്പെഷ്യൽ ടീം കേസ് അന്വേഷിക്കും. അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് പെൺകുട്ടിയുടെ പിതാവ് ഹരിദാസൻ പറഞ്ഞു.
നവവധുവിനെ ഭർതൃഗൃഹത്തിൽ മർദ്ദിച്ച സംഭവത്തിൽ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കോട്ടയത്തും എറണാകുളത്തും രാഹുൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം.
രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസിലാക്കിയതോടെ വിവാഹമോചനം നേടുകയായിരുന്നു. എന്നാൽ, നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിക്കുന്നു. ബഹുഭാര്യാത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.
പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരത്തിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്. ബന്ധുക്കൾ കാര്യം തിരക്കിയപ്പോഴാണ് മർദ്ദനവിവരം പുറത്തറിഞ്ഞത്. മേയ് അഞ്ചിന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.
Most Read| സംസ്ഥാനത്ത് വേനൽമഴ ശക്തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്