കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജർമ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. അതേസമയം, രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്‌ത്രീധന പീഡനക്കുറ്റം ചുമത്തും.
യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു. അമ്മയ്‌ക്കും സഹോദരിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പോലീസ് വീണ്ടും നോട്ടീസ് നൽകും. രാഹുലിന്റെ അമ്മ ഉഷാകുമാരി ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷാ കുമാരിയും സുഹൃത്തായ രാജേഷും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നുവെന്നും യുവതി മൊഴി നൽകി. രാഹുലിന്റെ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ജർമനിയിലുള്ള രാഹുലിനെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനെ സമീപിച്ച് നിയമനടപടികൾ വേഗത്തിലാക്കാനാണ് ശ്രമം. രാഹുലിനെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. രാഹുലിനെ നാട് കടത്താൻ സഹായിച്ചതിന് അറസ്‌റ്റിലായ സുഹൃത്ത് പി രാജേഷിന് ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.
Most Read| കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണം