കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാമെന്നും ഗവർണർ വ്യക്‌തമാക്കി. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
‘ഇന്നലെയാണ് സംഭവം അറിഞ്ഞത്. അപ്പോൾ തന്നെ പോലീസിൽ നിന്ന് റിപ്പോർട് തേടാനുള്ള നിർദ്ദേശം നൽകുകയായിരുന്നു. നിർഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. പറയാൻ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹിതമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല’- ഗവർണർ പറഞ്ഞു.
കേസ് ആദ്യം അന്വേഷിച്ച ഇൻസ്‌പെക്‌ടർക്ക് വീഴ്‌ച പറ്റിയെന്ന കണ്ടെത്തലിന് തൊട്ടുപിന്നാലെയാണ് രാജ്ഭവന്റെ ഇടപെടൽ. അതേസമയം, പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടതായി സ്‌ഥിരീകരിച്ചു. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യം ആയതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായതിന് പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്‌തമാക്കി. അതേസമയം, രാഹുൽ രാജ്യം വിട്ടു എന്ന കാര്യത്തിൽ ഇതുവരെ പോലീസിന്റെ സ്‌ഥിരീകരണം വന്നിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയത് കർണാടകയിൽ നിന്നാണെന്നാണ് സൂചന. കോഴിക്കോട് നിന്ന് റോഡ് മാർഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.
പോലീസിന്റെ വീഴ്‌ചയാണ് രാഹുൽ സിംഗപ്പൂരിലേക്ക് രക്ഷപ്പെടാൻ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു. വീഴ്‌ച കണ്ടെത്തിയതോടെ പന്തീരാങ്കാവ് എസ്‌എച്ച്‌ഒ എഎസ് സരിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. നോർത്ത് സോൺ ഐജി കെ സേതുരാമൻ ആണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. പോലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി