പന്തീരാങ്കാവ് ഗാർഹികപീഡനം; യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി

By Trainee Reporter, Malabar News
Veena George
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
Ajwa Travels

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. യുവതിക്ക് വനിതാ നിയമസഹായം ഉൾപ്പടെ നൽകി പിന്തുണക്കും. മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും. അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് സംഭവമെന്നും മന്ത്രി പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ യുവതിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയെന്നും മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്‌തമായ നിയമനടപടി ഉണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ, പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നവവധു രംഗത്തെത്തിയിരുന്നു. ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നും യുവതി പറയുന്നു. മുഷ്‌ടി ചുരുട്ടി ഇടിച്ചു. കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ വന്നില്ലെന്നും യുവതി പറഞ്ഞു.

രാഹുലിന്റെ അമ്മയും സ്‌ത്രീധനത്തിന്റെ പേരിൽ സംസാരിച്ചിരുന്നുവെന്നും സംഭവത്തിന് പിന്നിൽ അമ്മയാണെന്നും യുവതി ആരോപിച്ചു. പന്തീരാങ്കാവ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും അതിൽ പറഞ്ഞ പല മൊഴികളും എഫ്‌ഐആറിൽ പറയുന്നില്ലെന്നും സ്‌റ്റേഷനിൽ എത്തിയപ്പോൾ പ്രതിയായ രാഹുലിന്റെ തോളത്ത് പോലീസ് കൈയിട്ട് നിൽക്കുന്ന കാഴ്‌ചയാണ് കാണാൻ കഴിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.

സംഭവത്തിൽ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്‌ചയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് യുവതിക്ക് പിന്തുണയുമായി മന്ത്രി രംഗത്തെത്തിയത്. മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ അടുക്കള കാണൽ ചടങ്ങിന് രാഹുലിന്റെ വീട്ടിലെത്തിയ വധുവിന്റെ ബന്ധുക്കളാണ് യുവതിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇത് ചോദ്യം ചെയ്‌തതോടെയാണ്‌ മർദ്ദന വിവരം പുറത്തായത്.

Most Read| ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സമരം ഒത്തുതീർപ്പിലേക്ക്? ചർച്ചക്ക് വിളിച്ച് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE