പാലക്കാട്: ജില്ലയിൽ ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുകയാണെന്നും റെയ്‌ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്നും ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ആര്‍ വിശ്വനാഥ് പറഞ്ഞു.
കോഴിക്കോട് നിന്നും സമാനമായ കേസിൽ പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മേട്ടുപ്പാളയം സ്‌ട്രീറ്റിലും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഇവിടെ കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്‌ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിൽ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചതായാണ് സംശയിക്കുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ രണ്ട് നോട്ടീസുകള്‍ കണ്ടെത്തിയിരുന്നു. ഇവ ഐഎസ് അനുകൂല നോട്ടീസുകളാണെന്ന് വാർത്ത വന്നിരുന്നു.
അതേസമയം നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകക്ക് എടുത്ത് നൽകിയതെന്നും സൂചനയുണ്ട്. നേരത്തെ തൃശൂർ, എറണാകുളം ഉൾപ്പടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read also: കഞ്ചാവ് കടത്താൻ ശ്രമം; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ







































