പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം, ആളിയാർ ഡാമുകൾ ജലസമൃദ്ധിയിൽ. ഈ വർഷം ലഭിച്ച കനത്ത മഴയിലാണ് ഡാമുകളിൽ വെള്ളം നിറഞ്ഞത്. രണ്ട് അണക്കെട്ടുകളും തുറക്കുന്നതിനുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ, മഴ മാറിനിന്നതോടെ ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അധികൃതർ. നിലവിൽ ഇരു ഡാമുകളിലും സുരക്ഷിതമായ ജലനിരപ്പാണുള്ളതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഡാമുകളിൽ ജലനിരപ്പ് ഉയർന്നതോടെ ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തെ നൂറുകണക്കിന് കർഷകർക്കാണ് ആശ്വാസമായത്. പദ്ധതിപ്രകാരം ആയിരകണക്കിന് ഹെക്‌ടർ നെൽക്കൃഷിയാണുള്ളത്. പറമ്പിക്കുളം, ആളിയാർ ഡാമുകൾ നിറഞ്ഞാൽ മാത്രമേ ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തെ രണ്ടാംവിളനെൽക്കൃഷി സാധ്യമാകൂ. ഒന്നാം വിളയ്‌ക്ക് ആളിയാറിൽ നിന്നാണ് ജലം എത്തിക്കുന്നത്. വേനൽക്കാലത്ത് ഭാരതപ്പുഴയിൽ നീരൊഴുക്ക് നിലനിർത്താനും ഇരു ഡാമുകളിലെയും ജലം അനിവാര്യമാണ്.
1,050 അടി പരമാവധി സംഭരണ ശേഷിയുള്ള ആളിയാർ ഡാമിൽ നിലവിൽ 1048.3 അടിയാണ് ജലനിരപ്പുള്ളത്. 1,825 അടി പരമാവധി സംഭരണ ശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ 1,822 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്‌നാട് ഷോളയാർ അണക്കെട്ടുകൾ ഉൾപ്പെടുന്ന വനമേഖലയിൽ ലഭിച്ച കനത്തമഴയാണ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരാൻ സഹായകമായത്. കൂടാതെ, തമിഴ്‌നാട് ഷോളയാർ ഡാം തുറന്നുള്ള അധികജലവും കേരള ഷോളയാറിലും പറമ്പിക്കുളം ഡാമിലും നിറച്ചിട്ടുണ്ട്. പറമ്പികുളത്ത് നിന്ന് ആളിയാറിലും ജലം എത്തിച്ചിട്ടുണ്ട്.
Read Also: രോഗികളുടെ എണ്ണം കുത്തനെ കൂടി; ജില്ലയിലെ ആശുപത്രികൾ നിറയുന്നു







































