കണ്ണൂർ: ഓണത്തിന് ശേഷം രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ അറിയിപ്പ് ശരിവെക്കുന്ന തരത്തിലാണ് ജില്ലയിലെ കോവിഡ് വ്യാപനം. ഇന്നലെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോളമായി. ഇന്നലെമാത്രം 1,930 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട് ചെയ്‌തത്. ഇതോടെ ഈ മാസം 28,736 പേർക്കാണ് കണ്ണൂരിൽ കോവിഡ് സ്‌ഥിരീകരിച്ചത്.
അതേസമയം, രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആരോഗ്യവകുപ്പ് അധികൃതർ കടുത്ത പ്രതിസന്ധിയിലാണ്. നിലവിൽ ആശുപത്രികളെല്ലാം നിറയുന്ന അവ്സ്ഥയാണുള്ളത്. രോഗം സ്‌ഥിരീകരിക്കുന്ന 90 ശതമാനം പേരും ഓക്‌സിജൻ, വെന്റിലേറ്റർ, ഐസിയു സൗകര്യം ആവശ്യമുള്ളവരാണ്. നിലവിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് കാര്യമായ പരിചരണവും ആവശ്യമായി വരുന്നുണ്ട്.
നിലവിൽ ജില്ലയിൽ കോവിഡ്, കോവിഡേതര ചികിൽസയ്‌ക്കായി 75 ആശുപത്രികളാണ് ഉള്ളത്. സിഎഫ്എൽടിസി, സിഎസ്എൽടിസി, കോവിഡ് ആശുപത്രികളും സർക്കാർ-സ്വകാര്യ മേഖലയിലെ ചികിൽസാ കേന്ദ്രങ്ങളും അടക്കമുള്ളവയാണ് ഇത്. 553 ഐസിയു അടക്കം 5,812 കിടക്കകളാണ് ജില്ലയിലുള്ളത്. അതേസമയം, ആരോഗ്യവകുപ്പിന്റെ ഇന്നലത്തെ കണക്കുപ്രകാരം 43.7 ശതമാനം കിടക്കകളാണ് ജില്ലയിൽ ഒഴുവുള്ളത്.
എന്നാൽ, 23 ശതമാനം മാത്രമാണ് ഐസിയു ഒഴിവുള്ളത്. ഇതിൽ മിക്കവയും ഉപയോഗിക്കാൻ സാധിക്കാത്തവയാണ്. കോവിഡ് ചികിൽസയ്‌ക്കായി 213 ഐസിയു കിടക്കകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതിൽ 49 എണ്ണം മാത്രമാണ് ഒഴിവുള്ളത്. രോഗവ്യാപനം ഇനിയും കൂടിയാൽ കിടത്തി ചികിൽസകൾ പ്രതിസന്ധിയിലാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് മെഡിക്കൽ വിഭാഗം അറിയിക്കുന്നത്.
Read Also: ഭിന്നശേഷിക്കാരനായ യുവാവിന്റെ സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ചു