വയനാട്: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്ക് വർധിച്ച സാഹചര്യത്തിൽ കൽപ്പറ്റ നഗരസഭയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ. നിലവിൽ കൽപ്പറ്റയിൽ 11.52 ശതമാനമാണ് പ്രതിവാര രോഗ ജനസംഖ്യാ നിരക്ക്. കൽപ്പറ്റയിൽ മാത്രം ഇന്നലെ 88 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവിടെ ആകെ രോഗം റിപ്പോർട് ചെയ്‌തവരുടെ എണ്ണം 424 ആണ്.
കൽപറ്റയിൽ അവശ്യ സർവീസ് ഒഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നാണ് കളക്‌ടറുടെ ഉത്തരവ്. വിവാഹം പോലുള്ള ചടങ്ങുകൾക്ക് അതത് സ്‌റ്റേഷൻ ഹൗസ് ഓഫിസറുടെ അനുമതി വേണം. സംസ്‌കാര ചടങ്ങുകൾ ഒഴികെയുള്ള എല്ലാ പൊതു- സാമൂഹിക-സാംസ്‌കാരിക ചടങ്ങുകളും അനുവദിക്കില്ല. അവശ്യ സർവീസ് ജീവനക്കാരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് കൈനാട്ടി, സിവിൽ സ്റ്റേഷൻ, ചുങ്കം, പുതിയ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലെ ബസ് സ്‌റ്റോപ്പുകളിൽ നിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യാം.
അതേസമയം, ജില്ലയിൽ ഇന്നലെ 962 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 22.9 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ രോഗം ബാധിച്ചവരിൽ 15 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. കൂടാതെ, തരിയോട്, മുള്ളൻകൊല്ലി, പൊഴുതന പഞ്ചായത്തുകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ ഉയർന്നതും ആശങ്ക ഉയർത്തുന്നതാണെന്ന് ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു. അതേസമയം, വൈത്തിരി പഞ്ചായത്തിനെ ലോക്ക്‌ഡൗണിൽ നിന്ന് ഒഴിവാക്കിയതായി കളക്‌ടർ അറിയിച്ചിട്ടുണ്ട്.
Read Also: വാഹന അപകടങ്ങൾ; നാദാപുരം മേഖലയിൽ കർശന നടപടിയുമായി പോലീസ്