പത്തനംതിട്ട: അൽഷിമേഴ്സ് രോഗബാധിതനായ 59-കാരനെ ക്രൂരമായി മർദ്ദിച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻപിള്ളയാണ് മർദ്ദനത്തിനിരയായത്.
ശശിധരൻപിള്ളയെ മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പടെ ആരോഗ്യപ്രശ്നങ്ങളുള്ള ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്. വിമുക്തഭടനായ ശശിധരൻപിള്ള കുറച്ചുനാളുകളായി രോഗം ബാധിച്ച് കിടപ്പിലാണ്.
ഒന്നരമാസം മുമ്പാണ് വിഷ്ണുവിനെ ശശിധരൻപിള്ളയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻപിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ സ്ഥലത്തില്ല. മൂന്നുദിവസം മുമ്പാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടത്. ഭാര്യ വീട്ടിലേക്ക് വിളിച്ചപ്പോൾ അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ പറഞ്ഞുവിട്ടപ്പോഴാണ് സംഭവം അറിയുന്നത്.
വീട്ടിലെ സിസിടിവിയിൽ നിന്നാണ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചത്. ഇത് സഹിതമാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. ശശിധരൻപിള്ളയുടെ തലയ്ക്കും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. അടൂരിലെ ഏജൻസി വഴിയാണ് വിഷ്ണു രോഗീ പരിചരണത്തിന് എത്തിയത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ





































