പട്‌ന: നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട കേസിൽ പട്‌ന എയിംസിലെ നാല് മെഡിക്കൽ വിദ്യാർഥികളെ സിബിഐ കസ്‌റ്റഡിയിൽ എടുത്തു. ചോർത്തിയ ചോദ്യപേപ്പറിന്റെ ഉത്തരങ്ങൾ തയ്യാറാക്കിയത് ഇവരാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യാനാണ് സിബിഐയുടെ നടപടി.
എയിംസ് ഹോസ്‌റ്റലിൽ റെയ്‌ഡ് നടത്തിയ സിബിഐ സംഘം ഈ വിദ്യാർഥികളുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. ഇവരുടെ മുറികൾ പൂട്ടി മുദ്രവെക്കുകയും ചെയ്‌തിരുന്നു. കേസിൽ അറസ്‌റ്റിലായ പങ്കജ് കുമാർ, രാജ്‌കുമാർ സിങ് എന്നിവരുടെ മൊഴികളുടെ അടിസ്‌ഥാനത്തിലാണ് വിദ്യാർഥികളെ കസ്‌റ്റഡിയിൽ എടുത്തത്.
ജാർഖണ്ഡ് ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ചോദ്യപേപ്പർ മോഷ്‌ടിച്ചത് പങ്കജ് കുമാറും രാജ്‌കുമാർ സിങ്ങും ചേർന്നാണെന്ന് സിബിഐ കരുതുന്നു. ചോദ്യപേപ്പർ ചോർത്തലിന്റെ മുഖ്യ സൂത്രധാരനായ രാകേഷ് രഞ്‌ജനെ നളന്ദയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ ഇതിനകം 14 പേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
Most Read| സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ