ന്യൂഡെല്‍ഹി: യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും സമാധാനപരമായ അധികാര കൈമാറ്റം വേണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘വാഷിങ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമ വിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല’- മോദി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് യുഎസ് പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളായ ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ആയിരുന്നു. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ച് അംഗങ്ങളെ ഒഴിപ്പിച്ചു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.
Read Also: കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും







































