ന്യൂഡെൽഹി: പെഗാസസ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. രാഷ്‌ട്രീയ നേതാക്കളടക്കം കശ്‌മീരിൽ 25ലധികം പേരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്. ജമ്മു കശ്‌മീരിലെ മുൻ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്‌തിയുടേയും എട്ട് കുടുംബാംഗങ്ങളുടെയും ഫോണുകൾ ചോർന്നതായാണ് പുതിയ റിപ്പോർട്. വിഘടനവാദി നേതാവ് അലി ഷാ ഗിലാനിയുടെ മരുമകനടക്കം നാല് ബന്ധുക്കളുടെ ഫോണുകളും പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ വഴി ചോർത്തിയെന്ന് ‘ദി വയർ’ റിപ്പോർട് ചെയ്യുന്നു.
ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷൻ മിർവെയ്‌സ് ഉമർ ഫാറൂഖും നിരീക്ഷണത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന് തൊട്ട് മുൻപാണ് ഫോണുകൾ ചോർന്നത്. ഇതിനിടെ പെഗാസസ് ഫോൺ ചോർത്തൽ സ്‌ഥിരീകരിച്ച് ഫോറൻസിക് പരിശോധനാ ഫലവും പുറത്തുവന്നു. ഇന്ത്യയിൽ പരിശോധിച്ച പത്ത് പേരുടെ ഫോണിൽ പെഗാസസ് സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. പേര് വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും ദി വയർ റിപ്പോർട് ചെയ്‌തു.
അതേസമയം, പെഗാസസ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചുവെന്നാണ് രാഹുലിന്റെ കുറ്റപ്പെടുത്തൽ. സുപ്രീം കോടതി ജഡ്‌ജിയുടെ ഫോൺ വരെ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. തന്റെ ഫോൺ ചോർത്തിയത് മാത്രമല്ല വിഷയമെന്നും ചോർത്തലിൽ ഭയപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അഴിമതിക്കാരനല്ലെങ്കിൽ ഭയം വേണ്ടെന്നായിരുന്നു രാഹുലിന്റെ വിശദീകരണം.
പെഗാസസ് സോഫ്‌റ്റ്‌വെയർ വാങ്ങിയോ ഉപയോഗിച്ചോ എന്ന ചോദ്യം പ്രതിപക്ഷം ആവർത്തിക്കുമ്പോഴും കേന്ദ്രം ഇപ്പോഴും മൗനത്തിലാണ്. വ്യക്‌തമായ ഒരു ഉത്തരം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധം തുടരുകയാണ്. ലോക്‌സഭയിൽ നടുത്തളത്തിൽ ഇറങ്ങിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
Also Read: മഹാരാഷ്‌ട്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; മണ്ണിടിച്ചിലില്‍ 36 മരണം