ഗാസ സിറ്റി: യുഎസിന്റെ മധ്യസ്‌ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് തിരിച്ചെത്തുകയാണ് ആയിരങ്ങൾ. കാൽനടയായും വാഹനങ്ങളിലായും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുകയാണ്.
ഇസ്രയേൽ ആക്രമണത്തിൽ ആകെ തകർന്ന ഗാസയിൽ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് തിരികെയെത്തുന്നത്. അതേസമയം, ധാരണപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്‌ച ഉണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാസയിൽ ഭൂരിഭാഗം കെട്ടിടങ്ങളും തകർന്ന് വാസയോഗ്യമല്ലാത്ത നിലയിലാണ്.
എങ്ങും തകർന്ന അവശിഷ്‌ടങ്ങളും കോൺക്രീറ്റ് കൂമ്പാരവുമാണ്. അതേസമയം, ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിത്തുടങ്ങും. ഞായറാഴ്‌ച മുതൽ കൂടുതൽ സഹായ വാഹനങ്ങൾ കടത്തിവിടാൻ ഇസ്രയേൽ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവിച്ചിരിക്കുന്നുവെന്ന് കരുതുന്ന 20 ബന്ദികളെയും കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹങ്ങളുമാണ് ഹമാസ് ഇസ്രയേലിന് കൈമാറേണ്ടത്.
പകരം ഇസ്രയേലി ജയിലിൽ കഴിയുന്ന പലസ്‌തീനികളെ മോചിപ്പിക്കും. നാളെ ഈജിപ്‌തിൽ അന്തിമ സമാധാനക്കരാർ ഒപ്പുവയ്‌ക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കൂടാതെ യുകെ പ്രധാനമന്ത്രി കിയ സ്‌റ്റാമറും ചടങ്ങിൽ പങ്കെടുക്കും.
Most Read| ‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി