കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തത്.
കേസിൽ സിബിഐയുടെ വിചാരണാ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമൻ അടക്കമുള്ളവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ശിക്ഷ മരവിപ്പിച്ചതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കും. അഞ്ചുവർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണാ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്.
14ആം പ്രതി കെ മണികണ്‌ഠൻ, 20ആം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ വെളുത്തോളി, 22ആം പ്രതി കെവി ഭാസ്‌കരൻ എന്നിവർക്കാണ് അഞ്ചുവർഷം തടവ് വിധിച്ചത്. തെളിവ് നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. 2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നത്.
പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്ന് മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബിൻ, പത്താം പ്രതി ടി രഞ്‌ജിത്ത്, 15ആം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് വിചാരണാ കോടതി വിധിച്ചത്.
Most Read| ‘ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മുച്ചൂടും മുടിക്കും’; ഹമാസിന് താക്കീതുമായി ട്രംപ്