പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാലുപേർക്ക് അഞ്ചുവർഷം തടവ്

ഒന്ന് മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ,ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബിൻ, പത്താം പ്രതി ടി രഞ്‌ജിത്ത്‌, 15ആം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.

By Senior Reporter, Malabar News
MalabarNews_periya twin murder
കൃപേഷും ശരത്‌ലാലും
Ajwa Travels

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ നാലുപേർക്ക് അഞ്ചുവർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ഫെബ്രുവരി 17ന് രാത്രി ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും (23), കൃപേഷിനേയും (19) രാഷ്‌ട്രീയ വൈരാഗ്യം മൂലം വെട്ടിക്കൊലപ്പെടുത്തിയത്. ഒന്ന് മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ,ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബിൻ, പത്താം പ്രതി ടി രഞ്‌ജിത്ത്‌, 15ആം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.

ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾ. ഗൂഢാലോചനാ കേസ് കൂടി തെളിഞ്ഞതിനാലാണ് 10, 15 പ്രതികൾക്കും സിബിഐ പ്രത്യേക കോടതി ജഡ്‌ജി എൻ ശേഷാദ്രിനാഥൻ ഇരട്ട ജീവപര്യന്തം വിധിച്ചത്.

14ആം പ്രതി കെ മണികണ്‌‌ഠൻ, 20ആം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ വെളുത്തോളി, 22ആം പ്രതി കെവി ഭാസ്‌കരൻ എന്നിവർക്കാണ് അഞ്ചുവർഷം തടവ് വിധിച്ചത്. തെളിവ് നശിപ്പിക്കലും പ്രതികളെ സഹായികളുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. വിചാരണ നേരിട്ട പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. വിചാരണ നേരിട്ട എല്ലാവരും സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്.

പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ല ഇതെന്നും രാഷ്‌ട്രീയ പ്രശ്‌നത്തിന്റെ ഭാഗമായി പ്രാദേശികമായുണ്ടായ കൊലപാതകമാണ് നടന്നതെന്നും പ്രതിഭാഗം വാദിച്ചു. 2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നത്.

പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആറുവർഷത്തോളമെടുത്തു അന്വേഷണവും വിചാരണയും കഴിയാൻ.

ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യം 14 പേരെ ക്രൈം ബ്രാഞ്ചും കെവി കുഞ്ഞിരാമൻ ഉൾപ്പടെ പത്തുപേരെ സിബിഐയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.

ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ അന്വേഷണത്തിൽ പത്ത് സിപിഎം പ്രവർത്തകരെ കൂടി പ്രതിചേർത്തു. ഇതിൽ അഞ്ചുപേർ 2021 ഡിസംബറിൽ അറസ്‌റ്റിലായി. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്.

കെവി കുഞ്ഞിരാമൻ ഉൾപ്പടെ അഞ്ചുപേർ ജാമ്യമെടുത്തു. 2023 ഫെബ്രുവരിയിൽ ആരംഭിച്ച വിചാരണ ഒരുവർഷവും എട്ട് മാസവും പിന്നിട്ടാണ് പൂർത്തിയാക്കിയത്. 250ഓളം സാക്ഷികളുണ്ടായിരുന്ന കേസിൽ പ്രോസിക്യൂഷൻ 154 സാക്ഷികളെ വിസ്‌തരിച്ചു. 1300ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.

Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE