കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമയായ റോഷനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
രാവിലെ എസ്‌റ്റേറ്റ് വഴി ജോലിക്ക് പോകുകയായിരുന്ന ഫൗസിയയെ മൂന്ന് വളർത്ത് നായ്‌ക്കൾ ചേർന്ന് ആക്രമിച്ച് വീഴ്‌ത്തി കടിച്ചു കീറുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തിയാണ് വീട്ടമ്മയെ രക്ഷിച്ചത്. ഇതിനിടെ നായ്‌ക്കൾ പ്രദേശവാസികളെയും ആക്രമിക്കാൻ ശ്രമിച്ചു. നായ്‌ക്കളുടെ ആക്രമണത്തിൽ ഫൗസിയയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഈ നായ്‌ക്കൾ ഇതിന് പുൻപും പലരെയും കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് ഉടമകൾക്ക് താക്കീത് നൽകിയിരുന്നു. നായ്‌ക്കൾ യുവതിയെ ആക്രമിക്കുന്നത് കണ്ട റോഷൻ ആദ്യം അടുത്തേക്ക് വന്നില്ലെന്നും പിന്നീട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ഇയാളെത്തി നായ്‌ക്കളെ പിടിച്ചുമാറ്റിയതെന്നും പ്രദേശവാസികൾ പറഞ്ഞു.
Most Read: 3 ജില്ലകളിൽ റെഡ് അലർട്; ഇടുക്കി ഡാം ഇന്ന് തുറക്കും








































