തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയാണെന്ന മുൻ എംഎൽഎ കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇടതും ബിജെപിയും സാമുദായിക സ്പർധ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേസമയം, മുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും, ലീഗിന്റെ നിലപാട് സാദിഖലി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മറ്റാരും പാർട്ടിയാകാൻ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെഎം ഷാജിയുടെ പ്രസ്താവന. പെരുവള്ളൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെഎം ഷാജി നിലപാട് വ്യക്തമാക്കിയത്.
”മുനമ്പത്തേത് വലിയ പ്രശ്നമാണ്. നിങ്ങൾ വിചാരിക്കുന്ന പോലെ നിസാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതർ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാൻ അവർക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവർക്ക് വിട്ടുകൊടുത്തത്. ആരാണ് ഇതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്”- കെഎം ഷാജി പറഞ്ഞു.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്കൂട്ടറമ്മ’ പൊളിയാണ്