കോട്ടക്കൽ: ഈ അക്കാദമിക വർഷം പ്രതിസന്ധികൾക്കിടയിലും പഠിച്ച് വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽ തന്നെ ഉപരിപഠനത്തിന് അവസരം ഒരുക്കണമെന്ന് എസ്വൈഎസ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആവശ്യമായ സീറ്റുകൾ അനുവദിക്കുന്ന വിഷയത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ മലബാറിനോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കണം. 2019ൽ മലബാറിന് പ്രത്യേക പരിഗണന നൽകി സീറ്റ് വർധിപ്പിച്ചത് സ്വാഗതാർഹമാണ്. പക്ഷേ ആ വർധനവും അപര്യാപ്തമായതിനാൽ ധാരാളം വിദ്യാർഥികൾ പ്രതിസന്ധിയിലാണ്.
എറണാകുളം മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് മലബാറിൽ ഈ അവസ്ഥ തുടരുന്നത്. ഓരോ വർഷവും ജില്ലയിലെ വിദ്യാർഥികൾ മാതൃകപരമായ വിജയമാണ് കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്. 7,838 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി മലപ്പുറം ജില്ല സംസ്ഥാനത്ത് ഒന്നാമതായിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് ജില്ലയിൽ അവസരം ലഭിക്കാതെ പോയത്. ഈ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും കഠിനാധ്വാനം ചെയ്ത അധ്യാപകരെയും സെക്രട്ടേറിയേറ്റ് അഭിനന്ദിച്ചു.

യോഗത്തിൽ എൻവി അബുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എഎ റഹീം, സയ്യിദ് സീതിക്കോയ പൊന്നാനി, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, മജീദ് അഹ്സനി ചെങാനി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ഷരീഫ് സഅദി കെപൂരം, മുനീർ പാഴൂർ, എ മുഹമ്മദ് മാസ്റ്റർ, ഉസ്മാൻ ചെറുശോല, ടിഎം ബഷീർ എന്നിവർ സെക്രട്ടറിയേറ്റിൽ പങ്കെടുത്തു.
Most Read: ‘ഐടി ആക്ട് 66 എ’ പ്രകാരം കേസെടുക്കരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം







































