ന്യൂഡെൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75ആം വാർഷികവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നടന്ന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
”ഇന്ത്യ വളരെ വേഗത്തിൽ വികസിക്കുകയാണ്. എത്രയും വേഗം മൂന്നാമത്തെ സാമ്പത്തിക ശക്‌തിയാകാനുള്ള ശ്രമത്തിലാണ് രാജ്യം. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഒന്നാമതെത്തുക എന്നതാണ് നമ്മുടെ സ്വപ്‌നം”- പ്രധാനമന്ത്രി പറഞ്ഞു.
തുടക്കം മുതൽ സ്‌ത്രീകൾക്ക് വോട്ടവകാശം നൽകിയത് അഭിമാനകരമായ കാര്യമാണ്. ഇന്ന് എല്ലാ നയപരമായ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിൽ സ്‌ത്രീകൾ പ്രധാന പങ്കുവഹിക്കുന്നു. പ്രസിഡണ്ട് ദ്രൗപതി മുർമു ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളാണ്. പാർലമെന്റിൽ അടക്കം എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം വർധിക്കുകയാണ്. വനിതാ ശാക്‌തീകരണത്തിന് ഭരണഘടന അടിത്തറയായി മാറിയെന്നും മോദി പറഞ്ഞു.
അതിനിടെ, കോൺഗ്രസിനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ നിന്ന് അടിയന്തരാവസ്‌ഥയുടെ കറ ഒരിക്കലും മായ്‌ക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയ്‌ക്ക് 25 വയസ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നൽകിയ അവകാശങ്ങൾ എടുത്തുമാറ്റപ്പെട്ടു. രാജ്യം ഒരു ചെറിയ ജയിലായി മാറിയെന്നും മോദി കുറ്റപ്പെടുത്തി.
അടിസ്‌ഥാന സൗകര്യ മേഖലയിലും വൈദ്യുതി മേഖലയിലും കേന്ദ്ര സർക്കാർ നേട്ടമുണ്ടാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് രാജ്യത്തിൻറെ ഒരു ഭാഗം ഇരുട്ടിലായിരുന്നു. ബിജെപി സർക്കാർ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കി. രാജ്യത്തിന്റെ എല്ലായിടത്തും തടസമില്ലാതെ ഇന്ന് വൈദ്യുതി എത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’