ന്യൂഡെൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലേക്ക് യാത്ര തിരിച്ചു. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്രബന്ധം സ്‌ഥാപിച്ചതിന്റെ 70ആം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
‘വാഴ്‌സയിലേക്ക് തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ആം വാർഷികമെന്ന പ്രത്യേക വേളയിലാണ് ഈ സന്ദർശനം. പോളണ്ടുമായി ആഴത്തിൽ വേരോടിയ സൗഹൃദം ഇന്ത്യ സ്‌നേഹത്തോടെ ചേർത്തുനിർത്തുന്നു. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ടു രാജ്യങ്ങളുടെയും പ്രതിജ്‌ഞാബദ്ധത ഈ ബന്ധത്തെ വീണ്ടും കരുത്തുറ്റതാക്കുന്നു’- യാത്രക്ക് മുൻപ് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പോളണ്ട് പ്രസിഡണ്ട് ആൻഡ്രജ് ടുഡെ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് എന്നിവരുമായി ചർച്ച നടത്തുമെന്നും പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നയതന്ത്ര ബന്ധം ശക്‌തിപ്പെടുത്തുക, തന്ത്രപര മേഖലകൾ, പ്രതിരോധം, സാംസ്‌കാരിക രംഗങ്ങളിലെ സഹകരണം എന്നിവ ശക്‌തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം. ഇവിടെ നിന്ന് 23നാണ് യുക്രൈൻ സന്ദർശനം.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ