‘സൈന്യത്തിന് അഭിവാദ്യം, ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല’; ആഞ്ഞടിച്ച് മോദി

ഭീകരവാദം പാക്കിസ്‌ഥാൻ അവസാനിപ്പിച്ചേ മതിയാകൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാർഗമില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്‌തവും ഒന്നിച്ചൊഴുകില്ല. ആണവ ഭീഷണി വകവെച്ച് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
PM Modi
Narendra Modi
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ സൈന്യത്തിന് ഓരോ ഇന്ത്യക്കാരുടെയും അഭിവാദ്യമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞുപോയ ദിവസങ്ങളിൽ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മൾ സാക്ഷികളായി. നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ് നടത്തിയത്. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും നമ്മുടെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാക്കിസ്‌ഥാനെതിരെയുള്ള നടപടികൾ തൽക്കാലത്തേക്ക് മാത്രമാണ് നിർത്തിവെച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു. ഭാവി എന്താകുമെന്നത് പാക്കിസ്‌ഥാന്റെ പെരുമാറ്റത്തിന് അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദം പാക്കിസ്‌ഥാൻ അവസാനിപ്പിച്ചേ മതിയാകൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാർഗമില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്‌തവും ഒന്നിച്ചൊഴുകില്ല. ആണവ ഭീഷണി വകവെച്ച് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രിൽ 22ന് പഹൽഗാമിൽ അവധി ആഘോഷിക്കാനെത്തിയ നിർദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ, കുട്ടികൾക്ക് മുന്നിൽവെച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമവും അവർ നടത്തി. വ്യക്‌തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു.

ഈ സംഭവത്തിന് ശേഷം രാജ്യം ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ ഇല്ലാതാക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ പെൺമക്കളുടേയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്‌ച്ചതിന്റെ പ്രത്യാഘാതം എന്തെന്ന് ഇന്ന് ഓരോ ഭീകരനും ഭീകര സംഘടനകളും മനസിലാക്കിയിരിക്കുന്നു.

ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് അതിൽ പ്രതിഫലിക്കുന്നത്. നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്‌ഞ കൂടിയാണത്. പാക്കിസ്‌ഥാന്റെ ഹൃദയത്തിലാണ് ഇന്ത്യ പ്രഹരിച്ചത്. ഇന്ത്യ ഇത്രയും വലിയ തിരിച്ചടി നൽകുമെന്ന് ഭീകരർ സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും ഭീകരരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആൽമാവിശ്വാസത്തെയും ധൈര്യത്തെയും കൂടിയായിരുന്നു തകർത്ത് തരിപ്പണമാക്കിയത്. ഇന്ത്യയുടെ തിരിച്ചടിയിൽ നൂറോളം ഭീകരരെയാണ് വധിച്ചത്. എന്നാൽ, പാക്കിസ്‌ഥാൻ സൈന്യത്തിന് നേരെ വന്നു. ഇതിലെല്ലാം അവർ സ്വയം നാണംകെടുകയായിരുന്നു.

ഇന്ത്യൻ തിരിച്ചടിയിൽ ഭയന്ന പാക്കിസ്‌ഥാൻ ലോകം മുഴുവൻ നടന്ന് സംഘർഷം ലഘൂകരിക്കാനുള്ള മാർഗങ്ങൾ തേടി. ഒടുവിൽ മേയ് പത്തിന് പാക്കിസ്‌ഥാൻ സൈന്യം നമ്മുടെ ഡിജിഎംഒയെ വിളിച്ചു. പിന്നാലെ നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE