തിരുവനന്തപുരം: സിനിമാ കോൺക്ളേവിൽ വെച്ച് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തിന്റെ അടിസ്‌ഥാനത്തിൽ എസ്‌സി/എസ്‌ടി നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഫണ്ട് കൊടുക്കുമ്പോൾ പരിശീലനം നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതെങ്കിലും വിഭാഗത്തിന് ഫണ്ട് കൊടുക്കരുതെന്ന് പറയുകയോ അധിക്ഷേപിക്കുകയോ ചെയ്‌തിട്ടില്ലെന്നും നിയമോപദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. മ്യൂസിയം പോലീസിനും എസ്‌സി/എസ്‌ടി കമ്മീഷനുമാണ് അടൂരിനെതിരെ പരാതി ലഭിച്ചിരുന്നത്. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകാൻ കമ്മീഷൻ പോലീസിനോട് നിർദ്ദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പബ്ളിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയോട് പോലീസ് നിയമോപദേശം തേടിയത്. പ്രസംഗത്തിന്റെ പൂർണരൂപവും പോലീസ് നൽകിയിരുന്നു. അതിനിടെ, അടൂരിന്റെ പരാമർശത്തിനെതിരെ ദിശ, ഡബ്‌ളുസിസി എന്നീ സംഘടനകൾ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
സിനിമാ കോൺക്ളേവിന്റെ അവസാന ദിവസമായിരുന്നു അടൂരിന്റെ വിവാദ പരാമർശം. സ്‌ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്‌താവന. സർക്കാരിന്റെ ഫണ്ടിൽ സിനിമ നിർമിക്കാൻ ഇറങ്ങുന്നവർക്ക് മൂന്ന് മാസത്തെ ഇന്റൻസീവ് ട്രെയിനിങ് കൊടുക്കണമെന്നാണ് അടൂർ പറഞ്ഞത്.
സർക്കാർ പട്ടികജാതി പട്ടികവർഗത്തിന് നൽകുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ അടൂരിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവന്നത്.
സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് അടൂരിന്റെ പരാമർശത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്‌സി/ എസ്‌ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പോലീസിനും പരാതി നൽകിയത്. അടൂർ തന്റെ പ്രസ്‌താവനയിലൂടെ എസ്‌സി/ എസ്‌ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും കുറ്റവാളികളോ കള്ളൻമാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്ന് ദിനു ഇ-മെയിൽ വഴി അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| ട്രംപിന്റെ താരിഫ് ഭീഷണി; ‘പ്രധാനമന്ത്രി മൗനം പാലിക്കുന്നതിന് പിന്നിൽ അദാനി കേസ്’