മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കിഴിശ്ശേരി സ്വദേശി അബ്‍ദുൾ വാഹിദിനെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരം ഇമിഗ്രേഷൻ വിഭാഗം കസ്‌റ്റഡിയിൽ എടുത്ത് കൊണ്ടോട്ടി പോലീസിന് കൈമാറുകയായിരുന്നു.
കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കൊണ്ടോട്ടി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്‍ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി.
കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഒരുമാസത്തിന് ശേഷം വാഹിദ് ഗൾഫിലേക്ക് പോയി. ഫോണിലൂടെ നിറത്തിന്റെ പേരിൽ വാഹിദ് തുടർച്ചയായി ഷഹാനയെ അവഹേളിച്ചിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ.
ഇതിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്താൻ വാഹിദ് നിർബന്ധിച്ചു. ഇംഗ്ളീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചെന്ന് പരാതിയിലുണ്ട്. വിവാഹബന്ധം വേർപ്പെടുത്തണമെന്ന് വാഹിദ് ആവശ്യപ്പെട്ടതോടെ ഷഹാന മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക ഷഹാന വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.
ഈ മാസം 14ന് രാവിലെ പത്ത് മണിയോടെയാണ് കൊണ്ടോട്ടിയിലുള്ള വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടും ഷഹാന മുറി തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ ഉൾപ്പടെ എത്തി വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം