നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം ഒരുതുള്ളി വെള്ളം പോലും നൽകാതെ പോലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം 23ആം തീയതി വൈകീട്ട് മൂന്നുമണിക്കാണ് പനവൂർ ഇരുമളം സ്വദേശിനി ബിന്ദുവിനെ (36) പേരൂർക്കട പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
യുവതി ജോലിക്ക് നിന്ന വീട്ടിൽ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയത്. 24ആം തീയതി ഉച്ചയ്‌ക്ക് 12 മണിക്കാണ് ബിന്ദുവിനെ വിട്ടയച്ചത്. മണിക്കൂറുകളോളമാണ് പോലീസ് യുവതിയെ മാനസികമായി പീഡിപ്പിച്ചത്. ഒടുവിൽ മോഷ്‌ടിക്കപ്പെട്ടെന്ന് കരുതിയ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയെങ്കിലും യുവതി കുറ്റം സമ്മതിച്ചെന്ന് കാട്ടി എഫ്ഐആർ റദ്ദാക്കാതെ പോലീസ് തുടർനടപടി സ്വീകരിക്കുകയായിരുന്നു.
ഇതോടെ സംഭവത്തിൽ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും യുവതി പരാതി നൽകി. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഒരു രാത്രി മുഴുവൻ ഒരുതുള്ളി വെള്ളം പോലും കൊടുക്കാതെയാണ് പോലീസ് ബിന്ദുവിനെ ചോദ്യം ചെയ്‌തത്. വസ്‌ത്രമഴിച്ച് ദേഹപരിശോധനയും വീട്ടിൽ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല.
എസ്‌ഐ ഉൾപ്പടെ മാലക്കള്ളി എന്ന് വിളിച്ച് അസഭ്യം പറഞ്ഞതായും ബിന്ദു പറയുന്നു. ഫോണും പിടിച്ചുവാങ്ങിയിരുന്നു. കുറ്റം സമ്മതിച്ചില്ലെങ്കിൽ ഭർത്താവും മക്കളും അടക്കം അകത്താകും എന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കൾ ഭക്ഷണം എത്തിച്ചെങ്കിലും തന്നില്ല. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ കയറി കുടിക്കാൻ പറഞ്ഞുവെന്നും ബിന്ദു പറയുന്നു. 24ന് ഉച്ചവരെ ബിന്ദു കസ്‌റ്റഡിയിൽ ആയിരുന്നു.
ഒടുവിൽ, സ്വർണമാല ഉടമയുടെ വീട്ടിൽ തന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്‌ഐആർ പോലീസ് റദ്ദാക്കിയില്ല. കൂലിവേലക്കാരനായ ഭർത്താവും പ്ളസ് ടുവിനും പത്തിലും പഠിക്കുന്ന രണ്ട് മക്കളും അടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം. നഗരത്തിലെ വീടുകളിലും ഫ്‌ളാറ്റുകളിലും ജോലി ചെയ്‌ത് ലഭിക്കുന്ന വരുമാനമാണ് ബിന്ദുവിന്റെ ആശ്രയം. ഈ വീട്ടിൽ സംഭവം നടന്നതിന്റെ മൂന്ന് ദിവസം മുമ്പാണ് ബിന്ദു ജോലിക്കെത്തിയത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!