തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്ത് മ്യൂസിയം പോലീസ്. 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചതായാണ് നടിയുടെ പരാതി. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്ത് വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷം വരെ തടവോ പിഴയോ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കും.
നടൻ സിദ്ദിഖിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി യുവനടി ആണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. പല സുഹൃത്തുക്കളിൽ നിന്നും സിദ്ദിഖിൽ നിന്നും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു.
‘പ്ളസ് ടു കഴിഞ്ഞ സമയത്ത് സാമൂഹികമാദ്ധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്‌കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു’- നടി പറഞ്ഞു.
2019ൽ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും സിനിമയിൽ നിന്ന് മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്‌ടപ്പെടാൻ ഇല്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്‌തമാക്കിയിരുന്നു. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു.
Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം