തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എൽദോസിനെ കൂടാതെ മറ്റു രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. പരാതിക്കാരിയെ ഒന്നിലേറെ തവണ എൽദോസ് കുന്നപ്പിള്ളി ബലാൽസംഗം ചെയ്‌തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
2023 സെപ്‌തംബർ 28 നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി പിടിച്ചുകയറ്റി കോവളത്തേക്ക് പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു.
അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാൽസംഗം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 ജൂലൈയിലായിരുന്നു ഈ സംഭവം. പിന്നീട് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാൽസംഗം ചെയ്‌തു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. എംഎൽഎ ബലാൽസംഗം ചെയ്‌തത് അഞ്ചുവർഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
Most Read| കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം