തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തെളിവുകൾ ശേഖരിച്ച് പോലീസ്. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2016 ജനുവരി 28നാണ് സിദ്ദിഖ് മുറിയെടുത്തതെന്ന് ഹോട്ടൽ രേഖകളിലുണ്ട്.
സിദ്ദിഖ് ഹോട്ടലിൽ ഉണ്ടായിരുന്നതായി പരാതിക്കാരി പോലീസിനോട് പറഞ്ഞതും ഇതേ കാലയളവായിരുന്നു. സിദ്ദിഖ് മുറിയെടുത്തതിന്റെ രേഖ, നടി ഹോട്ടലിലെ സന്ദർശക രജിസ്‌റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ, സിനിമയുടെ പ്രിവ്യൂ നടന്നതിന്റെ രേഖകൾ തുടങ്ങിയവയാണ് പോലീസ് ശേഖരിച്ചത്. അക്കാലത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരുടെയും പരാതിക്കാരിയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.
2016 ജനുവരി 28നാണ് സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററിൽ നടന്നത്. അതേ ദിവസമാണ് നടൻ സിദ്ദിഖ് മസ്‌കറ്റ് ഹോട്ടലിൽ താമസിച്ചതും. പ്രിവ്യൂ നടന്ന ദിവസം യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ജനുവരി, ഫെബ്രുവരി മാസത്തിലെ താമസക്കാരുടെ വിവരങ്ങൾ രേഖാമൂലം കൈമാറാൻ പോലീസ് ഹോട്ടൽ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.
സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകൾ പ്രകാരമാണ് കേസ്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്‌ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം.
‘പ്ളസ് ടു കഴിഞ്ഞ സമയത്ത് സാമൂഹികമാദ്ധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്‌കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു’- നടി പറഞ്ഞു.
2019ൽ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും സിനിമയിൽ നിന്ന് മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്‌ടപ്പെടാൻ ഇല്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്‌തമാക്കിയിരുന്നു.
Most Read| വിമർശിക്കുന്ന നേതാക്കൾ എന്തിന് സുരക്ഷ കൂട്ടി? അംഗീകരിക്കാതെ ശരത് പവാർ








































