കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ പശ്‌ചാത്തലത്തിൽ സംഘടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്.
സംഭവത്തിലെ മൂന്നാം പ്രതിയും ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ തൃശൂർ പൂന്തോൾ സ്വദേശി പിഎസ് ജെനീഷിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കഴിഞ്ഞദിവസം ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്‌റ്റിലേക്ക് നീങ്ങുന്നത്.
അതേസമയം, മൃദംഗവിഷനുമായി ബന്ധപ്പെട്ട് ഒരു അക്കൗണ്ട് കൂടി മരവിപ്പിക്കാനും പോലീസ് നീക്കമുണ്ട്. ഇത് സംബന്ധിച്ച് പോലീസ് ബാങ്കിന് അപേക്ഷ കൈമാറിയതായാണ് വിവരം. നേരത്തെ, മൃദംഗവിഷൻ നർത്തകരിൽ നിന്ന് പണം സ്വീകരിച്ച രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
ഉമാ തോമസ് എംഎൽഎ സ്‌റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ മൃദംഗവിഷൻ ഉടമ നിഗോഷ് കുമാറിനോടും മൂന്നാംപ്രതി പിഎസ് ജെനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വ്യാഴാഴ്‌ച ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന്, നിഗോഷ് കുമാർ ചോദ്യം ചെയ്യലിന് ഹാജരാവുകയും പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജെനീഷ് ഹാജരായിരുന്നില്ല. നിഗോഷ് കുമാർ, സിഇഒ ഷമീർ, പൂർണിമ, നിഗോഷ് കുമാറിന്റെ ഭാര്യ മിനി എന്നിവർക്കെതിരെ പോലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നേരത്തെ, നിഗോഷ് കുമാർ, ഷമീർ എന്നിവർ ഉൾപ്പടെയുള്ള അഞ്ചുപ്രതികൾക്കെതിരെ നരഹത്യാ ശ്രമത്തിനും കേസെടുത്തിരുന്നു.
അതിനിടെ, മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഘാടകരായ നിഗോഷ് കുമാർ, അദ്ദേഹത്തിന്റെ ഭാര്യ മിനി, സിഇഒ ഷമീർ അബ്‌ദുൽ റഹിം എന്നിവരാണ് ഹരജി നൽകിയത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും. പാലാരിവട്ടം പോലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ കേസിൽ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം