കാസര്‍കോട് : ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കമറുദ്ദീനെ രണ്ട് ദിവസത്തെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയില്‍ വിനിയോഗിച്ചു, ബിനാമി ഇടപാടുകള്‍ ഉണ്ടായിരുന്നോ, സ്വകാര്യ സ്വത്ത് സമ്പാദനത്തിന്റെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചറിയുന്നത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലാണ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്.
നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കമറുദ്ദീനെതിരെ കൂടുതല്‍ കേസുകളില്‍ അറസ്‌റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒളിവില്‍ പോയ ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ജില്ല വിട്ടതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജ്‌ജിതമാക്കിയെന്ന് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് കമറുദ്ദീന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
എംസി കമറുദ്ദീന്‍ എംഎല്‍എക്കും, പൂക്കോയ തങ്ങള്‍ക്കുമെതിരെ ചന്തേര പോലീസ് സ്‌റ്റേഷനില്‍ നാല് വഞ്ചന കേസുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തതായി അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ നിലവില്‍ എംസി കമറുദ്ദീനെതിരെ 116 വഞ്ചനക്കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
Read also : പതിനാലാമത് അർബൻ മൊബിലിറ്റി ഇന്റർനാഷണൽ സമ്മേളനം കൊച്ചിയിൽ






































