കൊച്ചി: ടാറ്റു സെന്റര്‍ പീഡനക്കേസിൽ പ്രതി സുജീഷ് കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയതായി ഡിസിപി വിയു കുര്യാക്കോസ്. കേസിൽ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചെന്നും വീഴ്‌ച വരുത്തുന്ന മറ്റ് ടാറ്റു സ്‌ഥാപനങ്ങൾക്ക് എതിരെയും നടപടി ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു.
ഒളിവിലായിരുന്ന സുജീഷിനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. കൊച്ചിയിൽ നിന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതി കേരളത്തിന് പുറത്തേക്ക് കടന്നശേഷം പിന്നീട് തിരിച്ചു വന്നതാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുമായി കൊച്ചിയിലെ ഇങ്ക് ഫെക്‌ടഡ് എന്ന സ്‌ഥാപനത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി.
‘പ്രതിയുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതി കുറ്റം ചെയ്‌തെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി. ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. നിലവില്‍ ആറ് പരാതികളാണ് കിട്ടിയിട്ടുള്ളത്. വേറെ പരാതികള്‍ വന്നിട്ടില്ല. വന്നാല്‍ അതിലും നടപടിയെടുക്കും’, ഡിസിപി പറഞ്ഞു.
അതേസമയം ടാറ്റു ചെയ്യുന്ന പല സ്‌ഥാപനങ്ങളും ശരിയല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി ചൂണ്ടിക്കാട്ടി. എറണാകുളത്തെ എല്ലാ ടാറ്റു സെന്ററുകളിലും പോലീസ് പരിശോധന നടത്തി. എല്ലാ സെന്ററുകളിലും ക്യാമറകള്‍ സ്‌ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുജീഷിനെതിരെ ബലാൽസംഗം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. ഇതുവരെ ലഭിച്ച ആറ് പരാതികളുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പീഡനത്തിനിരയായ യുവതികളുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Most Read: അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; മാപ്പ് പറഞ്ഞ് കെഎസ്ആർടിസി കണ്ടക്‌ടർ