കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദത്തിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് വടകര പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
സ്ക്രീൻ ഷോട്ട് കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ കുറ്റാരോപിതനും യൂത്ത് ലീഗ് പ്രവർത്തകനുമായ പികെ മുഹമ്മദ് ഖാസിം നൽകിയ ഹരജിയിലാണ് പോലീസ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് റിപ്പോർട് സമർപ്പിച്ചത്.
പികെ മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും, എന്നാൽ സംഭവത്തിൽ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാകില്ലെന്നും വടകര റൂറൽ എസ്പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് ഖാസിമിന്റെ പേരിലുള്ള സ്ക്രീൻ ഷോട്ടാണ് പ്രചരിച്ചത്. എന്നാൽ, കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയില്ലായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരമൊരു വാട്സ് ആപ് ഗ്രൂപ്പ് നിലവിലുണ്ടോ എന്ന കാര്യവും ഖാസിമിന്റെ പേരിലുള്ള മൊബൈൽ നമ്പറുകളിൽ എത്ര വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ടെന്ന് കണ്ടെത്താനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സ്ക്രീൻ ഷോട്ട് ആദ്യമായി ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെ കുറിച്ചും ഇപ്പോഴും ഈ പോസ്റ്റ് നിലനിൽക്കുന്ന ‘പോരാളി ഷാജി’ എന്ന ഗ്രൂപ്പിനെ സംബന്ധിച്ചും വിവരങ്ങൾ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെകെ ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ നോഡൽ ഓഫീസറെ കേസിൽ പ്രതിചേർത്തതായും അധികാരികളിൽ നിന്ന് റിപ്പോർട് കിട്ടിയ ശേഷം മാത്രമേ യഥാർഥ പ്രതികളിലേക്ക് എത്താൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അന്വേഷണം മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഹരജി തള്ളണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിന്റെ ദിവസമാണ് വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നത്. പികെ മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു പോസ്റ്റ്.
തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും അതിന് പിന്നിലുള്ളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഖാസിം അന്നുതന്നെ വടകര പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി അന്വേഷിക്കുന്നതിന് പകരം ഖാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ഖാസിമിനെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.
പിന്നാലെ തന്റെ പേരിൽ പ്രചരിക്കുന്ന കാഫിർ സ്ക്രീൻ ഷോട്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിം എസ്പിക്കും ജിപിക്കും പരാതി നൽകിയെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. ഇത് വലിയ രാഷ്ട്രീയ വിവാദമാവുകയും ചെയ്തു. ഇതിനിടെ ഹരജിയുമായി ഖാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിംമായും ഇടതു സ്ഥാനാർഥി കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്ക്രീൻ ഷോട്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!