ബാഗ്‌ദാദ്: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്‌ച ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കാൻ എത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് കടുത്ത നിയന്ത്രങ്ങൾ നടപ്പിലാക്കിയ സാഹചര്യത്തിലാണ് മാർപാപ്പയുടെ സന്ദർശനം.
ഇറാഖിലേക്ക് പുറപ്പെടുന്നതിന് മുൻപേ പോപ്പിന്റെ ഒപ്പമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ എത്തുന്നത്. കുറച്ച് നാളുകളായി തീവ്രവാദ ആക്രമണങ്ങൾ ഇറാഖിൽ കുറഞ്ഞ് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെത്തുന്ന മാർപാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ഇറാഖ് അധികൃതർ അറിയിച്ചു.
8 വർഷത്തിനിടെ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 33ആം വിദേശ പര്യടനമാണിത്. ഇറാഖിന്റെ തലസ്‌ഥാനമായ ബാഗ്‌ദാദിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വിരുന്നോടെയാകും മാർപാപ്പയുടെ പര്യടനത്തിന് തുടക്കമാവുക. ഇറാഖ് പ്രസിഡണ്ട് ബർഹാം സാലിഹ്, പ്രധാനമന്ത്രി മുസ്‌തഫ അൽ ഖാദിമി എന്നിവർ വിരുന്നിൽ പങ്കെടുക്കും. തുടർന്ന്, സീറോ കാത്തോലിക് കത്തീഡ്രലിൽ എത്തി ബിഷപ്പുമാർ, പാതിരിമാർ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്‌ച നടത്തും.
നജഫിലെത്തി ശിയാ ആത്‌മീയ നേതാവ് ആയത്തുള്ള അലി സിസ്‌താനിയെയുംഇർബിൽ, മൂസിൽ, ഖർഖുഷ് എന്നീ നഗരങ്ങളിൽ ക്രിസ്‌ത്യൻ നേതാക്കളെയും മാർപാപ്പ കാണും. ഇവിടങ്ങളിൽ സമുദായ വിഷയങ്ങളും ദേവാലയ നിർമാണവും ചർച്ച ചെയ്യും.
മൂസിലിൽ ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രിസ്‌തീയ സഹോദരങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർഥനയും നടത്തും. തുടർന്ന് ഐഎസ് തകർത്ത ശേഷം പുനർനിർമിച്ച സെന്റ് മേരി അൽതാഹിറ കത്തീഡ്രലും സന്ദർശനം നടത്തും. ഇർബിൽ ഫുട്‍ബോൾ സ്‌റ്റേഡിയത്തിൽ വൻ ജനസാന്നിധ്യത്തിൽ നടത്തുന്ന ഖുർബാനയാണ് മാർപാപ്പയുടെ ഇറാഖ് പര്യടനത്തിലെ പ്രധാന ആകർഷണം.
Also Read: രാമക്ഷേത്ര നിർമാണം; ധനസമാഹരണം അവസാനിച്ചു, ഇതുവരെ ലഭിച്ചത് 2100 കോടി