മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ളാസ് വിദ്യാർഥി അനന്തുവിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുതാഘാതമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിന്റെ ഭാഗത്താണ് മുറിവുകൾ ഉള്ളത്.
മണിമൂളി സ്‌കൂളിൽ അനന്തുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.
പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷ്. ഇത്തരത്തിൽ കെണി സ്‌ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്‌ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം. ഇത്തരത്തിൽ വൈദ്യുതി മോഷ്‌ടിച്ച് പന്നിക്കെണി സ്‌ഥാപിച്ച് മാംസ കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പത്താം ക്ളാസ് വിദ്യാർഥി അനന്തുവാണ് (ജിത്തു, 15) ഇന്നലെ പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ഷാനു, യദു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വഴിക്കടവ് വെള്ളക്കെട്ടിലായിരുന്നു സംഭവം. ഫുട്‍ബോൾ കളിക്ക് ശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെ ആയിരുന്നു അപകടം.
കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർഥിക്ക് ഷോക്കേറ്റതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പോലീസ് നേരത്തെ കേസെടുത്തിരുന്നു. അപകടം ഫെൻസിംഗിന് കറണ്ട് എടുക്കാൻ വേണ്ടി സ്‌ഥാപിച്ച കമ്പിയിൽ നിന്നെന്ന് എഫ്‌ഐആറിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| മണിപ്പൂരിൽ വീണ്ടും സംഘർഷം; 5 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി