തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ മൂന്ന് പേർ കൂടി പിടിയിലായതായി പോലീസ്. സംഭവത്തിൽ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ, മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സുധീഷിന്റെ സഹോദരി ഭര്‍ത്താവും പ്രതികളുടെ കൂട്ടത്തിൽ ഉൾപെട്ടിട്ടുണ്ട്.
കൊലപാതകത്തിൽ മൂന്ന് പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സച്ചിൻ, അരുൺ, സൂരജ് എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂന്ന് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്‌തമാക്കി. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.
ഇതിനിടെ കൊലപാതകത്തിൽ പ്രാഥമിക പ്രതിപട്ടിക പോലീസ് തയ്യാറാക്കി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സ്‌ഥിരീകരണം. കേസിലെ രണ്ടാം പ്രതി രാജേഷ് എന്ന ഒട്ടകം രാജേഷും മൂന്നാം പ്രതി ശ്യാമുമാണ്. ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോർത്തി നൽകിയതെന്നാണ് പോലീസ് പറയുന്നത്.
കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു.ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്‌ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണം. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും,കൊലപാതകം ആസൂത്രണം ചെയ്‌തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണെന്ന് പോലീസ് വ്യക്‌തമാക്കി.
Also Read: ഗൂഗിൾ ക്രോം ബ്രൗസറാണാ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും