കാസര്‍ഗോഡ്: പാണത്തൂരില്‍ ബസ് അപകടം നടന്നത് ഡ്രൈവറുടെ അനാസ്‌ഥ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്. അതേസമയം അപകടം നടന്നത് കേരളത്തിലാണോ കര്‍ണാടകയിലാണോ എന്നതിൽ വ്യക്‌തത വരുത്താൻ തഹസില്‍ദാര്‍ ഇന്ന് സ്‌ഥലം സന്ദര്‍ശിക്കും.
വാഹനം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത് കര്‍ണാടകയിലാണെന്നും പോലീസ് കണ്ടെത്തി. ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ കാരണം സാങ്കേതിക തകരാറല്ലെന്ന് ആര്‍ടിഒ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ബസിന്റെ ടയറിന് തേയ്‌മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിന് പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കാസര്‍ഗോഡ് ആര്‍ടിഒ രാധാകൃഷ്‌ണന്‍ പറഞ്ഞിരുന്നു.
പാണത്തൂര്‍-പുത്തൂര്‍ പാതയില്‍ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിലാണ് ഞായറാഴ്‌ച ഉച്ചക്ക് 12 മണിയോടെ നാടിനെ നടുക്കിയ അപകടം നടന്നത്. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്ന് വന്ന വിവാഹ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇറക്കത്തില്‍ ന്യൂട്രലില്‍ ഓടിയ ബസ് നിയന്ത്രണം വിട്ട് ആദ്യം മരത്തില്‍ ഇടിക്കുകയും തുടര്‍ന്ന് റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയും ചെയ്‌തു. അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്‌ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും നാല്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Malabar News: തോട്ടിലെ വെള്ളത്തിൽ മുങ്ങിയ അഞ്ചു വയസുകാരന് രക്ഷകനായി അശ്വിൻ; അഭിനന്ദനവുമായി നാട്ടുകാർ