തിരുവനന്തപുരം: സിപിഎമ്മുമായി ഇടഞ്ഞ, ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മൽസരിപ്പിക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്‌തമാക്കിയ ശേഷം തുടർ നടപടികൾ ഉണ്ടാകും.
എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണ് സൂചന. സർക്കാരിൽ നിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദ സംഭാഷണമാണ് നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
കോൺഗ്രസ് നേതൃയോഗം ചർച്ചയ്‌ക്കായി ഇന്ന് തിരുവനന്തപുരത്തുള്ള വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുമായി പ്രേംകുമാർ കൂടിക്കാഴ്‌ച നടത്തിയേക്കും. നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് ഉണ്ടാകുമോ എന്ന കാര്യം അദ്ദേഹം തിരക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയാകുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിന് കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാർഥിയായിരിക്കെ കോളേജിൽ കെഎസ്‌യു സ്‌ഥാനാർഥിയായി മൽസരിച്ചതും ഓർമിപ്പിച്ചു.
”ഞാൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്‌ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്ന് മാത്രം”- പ്രേംകുമാർ പറഞ്ഞു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































