ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; വ്യക്‌തത തേടി രാഷ്‍ട്രപതി ദ്രൗപതി മുർമു

നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ചുകൊണ്ടുള്ള വിധിക്കെതിരെ 14 വിഷയങ്ങളിൽ വ്യക്‌തത തേടിയാണ് രാഷ്‍ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയെ സമീപിച്ചത്.

By Senior Reporter, Malabar News
Draupadi Murmu
Ajwa Travels

ന്യൂഡെൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദ്രൗപതി മുർമുവിന്റെ നിർണായക നീക്കം. വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്‌തത തേടി രാഷ്‍ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയെ സമീപിച്ചു.

ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ  അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്താണ് രാഷ്‍ട്രപതിയും ഗവണർമാരും വിവേചനാധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‍ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്‍ട്രപതി സുപ്രീം കോടതിയോട് 14 വിഷയങ്ങളിൽ വ്യക്‌തത തേടിയത്. രാഷ്‍ട്രപതി ബില്ലുകളിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻപ് സുപ്രീം കോടതി വ്യത്യസ്‌ത വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരം താൻ ഇക്കാര്യത്തിൽ വ്യക്‌തത തേടുന്നതെന്ന് രാഷ്‍ട്രപതി സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും രാഷ്‍ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‍ട്രപതിയുടെ നടപടി. തമിഴ്‌നാട് ഗവർണർ കേസിലാണ്  നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്‍ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

ജസ്‌റ്റിസുമാരായ ജിബി പാർഡിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഈ വിധിക്കെതിരെ സർക്കാരിന് പുനഃപരിശോധനാ ഹരജി നൽകാവുന്നതായിരുന്നു. എന്നാൽ, ഹരജി ഇതേ ബെഞ്ച് തന്നെ പരിഗണിക്കും എന്നതിനാൽ അതിൽ അനുകൂല ഉത്തരവ് ഉണ്ടാകാൻ സാധ്യത കുറവാണെന്ന വിലയിരുത്തൽ കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്‍ട്രപതിയുടെ നിർണായക നീക്കം.

Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE