ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്‌ദുല്ലയുടെ നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്.
ജമ്മു കശ്‌മീർ ആറുവർഷമായി കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. സംസ്‌ഥാനത്തിന്റെ പ്രത്യേക പദവി പിൻവലിച്ച്, ജമ്മു കശ്‌മീരും ലഡാക്കുമെന്ന രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ കഴിഞ്ഞത്. 2014ലാണ് ഇതിന് മുൻപ് ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് നടന്നത്.
അടുത്ത ദിവസങ്ങളിൽ തന്നെ ഒമർ ഒമർ അബ്‌ദുല്ലയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് വിവരം. രണ്ടാം തവണയാണ് ഒമർ അബ്‍ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകുന്നത്. സഖ്യകക്ഷിയായ കോൺഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തം, മന്ത്രിസഭയിൽ എത്ര മന്ത്രിമാർ ഉണ്ടാകും, ഉപമുഖ്യമന്ത്രി സ്‌ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളിൽ ആരെങ്കിലും എത്തുമോ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടക്കുകയാണ്.
അതിനിടെ, നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഷണൽ കോൺഫറൻസ് കേവല ഭൂരിപക്ഷം നേടി. ഇതോടെ കോൺഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷണൽ കോൺഫറൻസ്. ആകെ അംഗബലം 46 ആയി. ലഫ്. ഗവർണർ മനോജ് സിൻഹ നാമനിർദ്ദേശം ചെയ്‌ത അഞ്ചുപേർ ഈ പട്ടികയിൽപ്പെടില്ല. ഇങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല.
Most Read| ഇസ്രയേൽ സൈനിക ക്യാംപിന് നേരെ ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു