റായ്പൂർ: ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന നൂറോളം സ്ത്രീകള്‍. അവരുടെ ശരീരത്തിലൂടെ ചവിട്ടി നടന്നു പോകുന്ന പൂജാരി. ഛത്തിസ്ഗഢിലെ ധംതരി ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടന്നുവരുന്ന വിചിത്രമായ ചടങ്ങ് ദേശീയ തലത്തില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
റായ്പൂരില്‍ നിന്നും 90 കിമീ അകലെയുള്ള അങ്കാര്‍മോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉല്‍സവമാണ് ഈ രീതിയില്‍ നടക്കുന്നത്. ഇപ്പോഴാവട്ടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിന്റെ പേരിലും ചടങ്ങിന്റെ വീഡിയോ വൈറലാവുകയാണ്.
വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്രത്യേക ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ മുകളിലൂടെയാണ് പൂജാരി നടന്നു പോവുക. ഇത്തരത്തില്‍ ചടങ്ങ് പൂര്‍ത്തിയാക്കിയാല്‍ കുട്ടികളുണ്ടാകാനുള്ള അനുഗ്രഹം കിട്ടുമെന്നാണ് വിശ്വാസം. ഇത്തവണയും ഒട്ടേറെ സ്ത്രീകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു, ഒരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടാതെ തന്നെ.
Also Read: കോവിഡ് വാക്സിൻ ജനുവരിയോടെ വിതരണം ചെയ്യും; സെറം ഇൻസ്റ്റിറ്റ്യൂട്ട്
ഈ മാസം 20ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉല്‍സവത്തില്‍ പങ്കെടുത്തത്. അതേസമയം, ഇത്തരം ആചാരങ്ങളെ താനൊരു വിധത്തിലും പിന്തുണക്കുന്നില്ലെന്ന് ഛത്തീസ്ഗഡ് വനിത കമ്മിഷന് ചെയര്‍പഴ്സന്‍ കിര്‍ണമയി നായിക് വ്യക്തമാക്കുന്നു. എന്നാല്‍, വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്താതെ സ്ത്രീകളെ എങ്ങനെ ബോധവല്‍ക്കരിക്കും എന്നതാണ് അധികൃതരുടെ ആശങ്ക.










































