തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി കേരളത്തിലേക്ക് എത്തും.
മറ്റന്നാള്‍ വരാന്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നാളെയെത്തും എന്നാണ് വിവരം. ഏപ്രില്‍ 2ന് പ്രധാനമന്ത്രി വീണ്ടും വരുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ കലാശക്കൊട്ടിന് വീണ്ടും വരും.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഈ ആഴ്ച സംസ്ഥാനത്ത് എത്തും. യുഡിഎഫിനായി ഇന്ന് കേരളത്തിൽ എത്തുന്ന പ്രിയങ്കാ ഗാന്ധി നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ പ്രചാരണം നടത്തും. രാഹുല്‍ ഗാന്ധിയുടെ മൂന്നാം വട്ട കേരള പ്രചാരണം 3, 4 തീയതികളില്‍ വയനാട്, കോഴിക്കോട് ജില്ലകളിൽ നടക്കും.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് എന്നിവര്‍ കേരളത്തിലുണ്ട്. ദേശീയ നേതാക്കളുണ്ടെങ്കിലും ഇടതു മുന്നണിയുടെ താര പ്രചാരകന് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലെ ആള്‍ക്കൂട്ടമാണ് ഇതിനു തെളിവായി സിപിഐഎം കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
Also Read: ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി








































