ദുബൈ: അബുദാബിയിലെ 27 ഏക്കർ സ്ഥലത്ത് നിർമ്മിച്ച ബാപ്പ്സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികൾ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ. മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഇന്ന് ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി നൽകിയത്. സന്ദർശനത്തിന് ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ മാസം 18ന് ക്ഷേത്രം തുറന്നുകൊടുക്കും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്പ്സ് ഹിന്ദു മന്ദിർ. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാൻ രൂപകല്‍പ്പന തിരഞ്ഞെടുത്ത ക്ഷേത്രത്തിനുള്ള ഭൂമി 2015 ഓഗസ്റ്റിലാണ് യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്.
ആദ്യം 13.5 ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മാണത്തിനും, പിന്നീട് പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ ഭൂമി കൂടിയും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു യുഎഇ സന്ദര്‍ശന വേളയില്‍ അന്നത്തെ കിരീടാവകാശിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഭൂമി കൈമാറിയത്. 2018 ബാപ്സ് പ്രതിനിധികളോടൊപ്പം പ്രധാനമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോള്‍, ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ക്ഷേത്രത്തിന്റെ രണ്ട് പ്ളാനുകൾ അവതരിപ്പിച്ചു.
ഇതില്‍ നിന്നാണ് പരമ്പരാഗതമായ വലിയ ക്ഷേത്രത്തിന്റെ രൂപകല്‍പ്പന ഷെയ്ഖ് മുഹമ്മദ് തിരഞ്ഞെടുത്തത്. ഈ രൂപകൽപ്പനയാണ് ഇപ്പോൾ മനോഹരമായ ക്ഷേത്രമായി മാറിയിരിക്കുന്നത്. 1958ൽ ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തും ബർദുബായിൽ അനുവദിച്ച യുഎഇയിലെ ആദ്യക്ഷേത്രത്തിൽ നിന്ന് യാത്ര തുടർന്നാണ് 66 വർഷം കൊണ്ട് 400 മില്യൺ ദിർഹം മുടക്കുള്ള 27 ഏക്കറിലെ വിശാലമായ ഈ ക്ഷേത്രത്തിലേക്ക് ഹിന്ദു സമൂഹം എത്തുന്നത്.
രാജസ്ഥാനിൽ നിന്നുള്ള 2500 കരകൗശല തൊഴിലാളികൾ കൈകൊണ്ട് നിർമിച്ച 30,000 ത്തിലധികം കൊത്തുപണികൾ ഉള്ളതാണ് ക്ഷേത്ര ഘടന. ആന, മയിൽ, പശു എന്നിവയുടെ കൊത്തുപണികൾ ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട കഥകൾ ചിത്രീകരിക്കുമ്പോൾ, ഓറിക്സ്, ഗസൽ, ഒട്ടകം, പരുന്തുകൾ, ഈന്തപ്പന എന്നിവ അറബ് സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. കെട്ടിടത്തിന് പുറത്തുള്ള തൂണുകളിലെ കൊത്തുപണികൾ ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട കഥകളാണ് പറയുന്നത്.
ക്ഷേത്രത്തിന് ഉള്ളിലെ മഹാ സ്തംഭത്തിൽ വെളുത്ത ഇറ്റാലിയൻ മാർബിൾ കൊണ്ട് നിർമിച്ച 400 മിനിയേച്ചർ ഉൾപ്പെടുന്നു. മധ്യ താഴികക്കുടം പ്രകൃതിയുടെ അഞ്ച് ഘടകങ്ങളെ പ്രതീകപ്പെടുത്തുന്നു. ഭൂമി, വെളിച്ചം, തീ, വായു, ബഹിരാകാശം എന്നിവ. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴ് കൂറ്റൻ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!








































