തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രിയുടെ ബി ടീം ആണെന്നും പ്രിയങ്ക പറഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
3000 രൂപ ക്ഷേമപെൻഷനും കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രാ ഗ്യാരണ്ടിയും പ്രിയങ്ക ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രിയങ്ക കടന്നാക്രമിച്ചു. പശ്‌ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
അമേരിക്കയയ്‌ക്കും ഇസ്രയേലിനും മുന്നിൽ മോദി തലകുനിക്കുകയാണ്. രാജ്യത്തിന്റെ ഊർജസുരക്ഷ അമേരിക്കയ്‌ക്ക് അടിയറവെച്ച പ്രധാനമന്ത്രിക്ക് ഇന്ത്യക്കുവേണ്ടി നിവർന്നു നിൽക്കാൻ ധൈര്യമില്ല. ആരുടെ കൈയിൽ നിന്ന് എണ്ണയും മറ്റും വാങ്ങണമെന്ന് അവരാണ് പറയുന്നത്. യുഎസുമായി ഒപ്പുവെച്ച വാണിജ്യക്കരാർ ഇന്ത്യയിലെ കർഷകർക്ക് തിരിച്ചടിയാണ്. എപ്‌സ്‌റ്റീൻ ഫയലിൽ പേരുള്ളതുകൊണ്ടാണ് മോദി ഭയപ്പെടുന്നതെന്നും അതിന്റെ വില കൊടുക്കേണ്ടിവരുന്നത് രാജ്യത്തെ ജനങ്ങളാണെന്നും പ്രിയങ്ക പരിഹസിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയും എൽഡിഎഫും പ്രധാനമന്ത്രിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കും മാത്രം കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നത്. ഒരു കേന്ദ്ര ഏജൻസി പോലും അവർക്കെതിരെ നടപടി എടുക്കാൻ തയ്യാറാകുന്നില്ല. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറായില്ല.
കേരളത്തിൽ ആരോഗ്യമേഖല തകർന്നടിഞ്ഞു. യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്ത അവസ്‌ഥയാണ്. സംസ്‌ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്നും ഒരു സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ആശാ വർക്കർമാരുടെ ശബ്‌ദം കേൾക്കാതിരുന്ന സർക്കാർ തിരഞ്ഞെടുപ്പ് ആയപ്പോഴാണ് അവരെ കണ്ടെന്ന് നടിച്ചതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































