തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ നൽകിയ വ്യാജ പീഡനക്കേസിൽ കുരുങ്ങിയ അധ്യാപകന് പത്തുവർഷത്തിന് ശേഷം നീതി. ഇടുക്കി മൂന്നാർ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടത്.
2014ലാണ് കേസിനാസ്‌പദമായ സംഭവം. 2014 ഓഗസ്‌റ്റ് മുതൽ സെപ്‌തംബർ അഞ്ചുവരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് അഞ്ച് വിദ്യാർഥിനികളാണ് പ്രഫ. ആനന്ദ് വിശ്വനാഥനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയത്.
ആനന്ദിനെ കുടുക്കാൻ അധ്യാപകർ ഉൾപ്പടെയുള്ള കോളേജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായാണ് ആരോപണം. വിദ്യാർഥിനികൾ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഎം ഓഫീസിൽ വെച്ചാണെന്നും തെളിഞ്ഞു.
പ്രഫ. ആനന്ദ് വിശ്വനാഥൻ പറയുന്നതിങ്ങനെ:
‘സർവകലാശാല നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് 2014ൽ രണ്ടാം സെമസ്‌റ്റർ ഇക്കണോമിക്‌സ് പരീക്ഷ നടന്നത്. കോളേജിൽ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ എട്ടുപേർ മാത്രം എഴുതിയ ഇക്കണോമിക്‌സ് പരീക്ഷയിലാണ് അഞ്ച് വിദ്യാർഥിനികളുടെ കോപ്പിയടി ഞാൻ പിടികൂടുന്നത്. പക്ഷേ, ഞാൻ നിർദ്ദേശിച്ചിട്ടും ഇൻവിജിലേറ്റർ കോപ്പിയടി പരാതി പൂഴ്‌ത്തി.
പ്രിൻസിപ്പൽ അതിന് കൂട്ടുനിന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎ എസ്. രാജേന്ദ്രന്റെയും ഇടപെടലുകളെ തുടർന്നായിരുന്നു അത്. ഓണം അവധി കഴിഞ്ഞ് എത്തിയപ്പോഴാണ് എനിക്കെതിരെ വിദ്യാർഥിനികൾ പീഡന ആരോപണം ഉന്നയിച്ചതായി അറിയുന്നത്. കോപ്പിയടി സർവകശാലയിൽ റിപ്പോർട് ചെയ്‌തില്ലെന്നും എനിക്ക് ബോധ്യമായി. തുടർന്ന് ഞാൻ നേരിട്ട് സർവകശാലയിൽ വിളിച്ച് കോപ്പിയടി റിപ്പോർട് ചെയ്‌തു.
പീഡന പരാതിയിൽ വകുപ്പുതല അന്വേഷണം ഏകപക്ഷീയമായിരുന്നു. ആകെ നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. അതിൽ രണ്ടിൽ കുറ്റക്കാരനെന്ന് ദേവികുളം കോടതി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് എന്നെ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ, ഞാൻ തെറ്റ് ചെയ്‌തിട്ടില്ലാത്തതിനാൽ ധൈര്യമായി പോരാടി. ഒടുവിൽ നീതി ലഭിച്ചു’.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ