വയനാട്: വീട് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മത പുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
ഇത്തരത്തിൽ വയനാട്, മലപ്പുറം ജില്ലകളിൽ നിന്നായി ഇദ്ദേഹം ലക്ഷങ്ങളാണ് തട്ടിയത്. ബത്തേരി സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ ഒളിവിലായിരുന്നു. ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുമെന്നായിരുന്നു മജീദിന്റെ വാഗ്ദാനം. ഈ വിധത്തിൽ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇയാൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം.
ബത്തേരി സ്വദേശിയിൽ നിന്ന് വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2020ൽ രണ്ടു തവണയായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിർമിച്ചു നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആറ് മാസം കൊണ്ട് വീടുകൾ നിർമിച്ചു നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
Most Read: തിരുവല്ലം കസ്റ്റഡി മരണം; കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്






































