കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാനെതിരെ പ്രതിഷേധിച്ച ആളുകൾക്ക് നേരെ ഉണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. കൂടാതെ 12ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അഫ്‌ഗാനിസ്‌ഥാനിലെ പടിഞ്ഞാറൻ നഗരമായ ജലാലാബാദിലാണ് സംഭവം. നഗരത്തിൽ ഉയർത്തിയിരുന്ന താലിബാൻ പതാക നീക്കം ചെയ്‌ത് അഫ്‌ഗാൻ പതാക ഉയർത്താൻ ശ്രമിച്ചവർക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു.
നിലവിൽ അഫ്‌ഗാനിൽ താലിബാൻ നിയന്ത്രണം കൈയ്യേറിയതിന് ശേഷമുള്ള ആദ്യത്തെ പ്രതിഷേധമാണിത്. കാബൂളിൽ നിന്നും 115 കിലോമീറ്റർ അകലെയാണ് ജലാലാബാദ്. ഇവിടെ അഫ്‌ഗാൻ പതാക സ്‌ഥാപിച്ചിരുന്ന സ്‌ഥാനത്ത് താലിബാൻ ഉയർത്തിയ പതാകയാണ് പ്രദേശവാസികൾ നീക്കം ചെയ്‌തത്. ഇതിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ വെടിവെപ്പിനെ തുടർന്ന് ആളുകൾ ചിതറിയോടുന്ന ദൃശ്യങ്ങളും നിലവിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയത് തങ്ങളുടെ ആളുകളാണോ എന്ന കാര്യത്തിൽ താലിബാൻ ഇതുവരെ സ്‌ഥിരീകരണം നടത്തിയിട്ടില്ല. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ നിയന്ത്രണം കൈയ്യേറിയതോടെ പല സ്‌ഥലങ്ങളിലും സ്‌ഥാപിച്ചിരുന്ന അഫ്‌ഗാൻ പതാക നീക്കം ചെയ്‌ത് താലിബാൻ പതാക സ്‌ഥാപിച്ചിരുന്നു.
Read also: മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണം; എസ്‌വൈഎസ്‍