പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രതിഷേധം കടുക്കുന്നു. നിലവിൽ ടോൾ പ്ളാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്നു പോകുകയാണ്. ബാരിക്കേഡുകൾ മാറ്റി ബസുടമകൾ തന്നെയാണ് ബസുകൾ കടത്തി വിടുന്നത്. ഭീമമായ തുക ടോൾ നൽകാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി കഴിഞ്ഞ 28 ദിവസമായി ബസുടമകൾ സമരത്തിലായിരുന്നു. തുടർന്നാണ് ഇപ്പോൾ ടോൾ നൽകാതെ ബസുടമകൾ ബസുകൾ കടത്തി വിടുന്നത്.
ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് ബസുടമകൾ ടോൾ നൽകേണ്ടത്. എന്നാൽ ഈ നിരക്ക് വളരെ കൂടുതൽ ആണെന്നും, ഇത് കുറക്കണമെന്നുമാണ് ബസുടമകൾ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ബസുകളും, ടിപ്പർ ലോറികളും ഉൾപ്പടെയുള്ള വാഹനങ്ങൾ ടോൾ പ്ളാസയിൽ നിർത്തിയിട്ട് പ്രതിഷേധം നടത്തിയിരുന്നു.
കഴിഞ്ഞ മാർച്ച് 9ആം തീയതി മുതലാണ് പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവക്ക് ഒരു ഭാഗത്തേക്ക് 430 രൂപയും, ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപയും നൽകണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവക്ക് ഒരു വശത്തേക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് ടോൾ നിരക്ക്.
Read also: താക്കറെയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തകർ; മഹാരാഷ്‍ട്രയിൽ കനത്ത ജാഗ്രത






































